Saturday, September 26, 2015

മെഹമൂദ് ദർവീശിന്റെ കവിതകൾ 6 കാർമൽ ഞങ്ങൾക്കുള്ളിലാണ്

ഞങ്ങളെ ഓർമ്മപ്പെടുത്തേണ്ടതില്ല :
കാർമൽ ഞങ്ങൾക്കകത്താണ്.
കണ്പീലിയിൽ ഗലീലിയിലെ പുല്ലുകൾ
പറയരുതേ:
ഒരു നദിപോലെ
അവളിലേയ്ക്കൊഴുകാനായെങ്കിലെന്ന്.
പറയരുതേ:
രാഷ്ട്രവും ഞങ്ങളും
ഒരൊറ്റ മാംസവും അസ്ഥിയുമെന്ന്.

ജൂണിനു മുമ്പ് ഞങ്ങൾ
ചിറകുമുളയ്ക്കാത്ത പ്രാവുകളായിരുന്നു .
കെട്ടുപാടുകളിൽ കൊഴിഞ്ഞില്ല
ഞങ്ങളുടെ സ്നേഹം.

പെങ്ങളേ,
കവിതയെഴുത്തായിരുന്നില്ല
കഴിഞ്ഞ ഇരുപതുവർഷങ്ങളിൽ
ഞങ്ങളുടെ പണി.
പോരാടുകയായിരുന്നു ഞങ്ങൾ.

നിന്റെ കണ്ണുകളിലേയ്ക്കിറങ്ങുന്ന നിഴൽ
-ദൈവത്തിന്റെ പ്രേതമാണത്.
ജൂണിലത് പുറത്തേയ്ക്ക് വന്നു-
ഞങ്ങളുടെ ശിരസ്സുകളെ, സൂര്യനെ
പൊതിയാൻ.
രക്തസാക്ഷിത്വമാണവന്റെ നിറം
പ്രാർത്ഥനയുടെ രുചി.
എത്ര വിദഗ്ദ്ധമായവൻ കൊല്ലുന്നു ?
എത്ര മനോഹരമായി അവനുയിർക്കുന്നു!

നിന്റെ കണ്ണുകളിൽ തുടങ്ങുന്ന രാത്രി-
ആത്മാവിലെ ദീർഘരാത്രിയുടെ
അന്ത്യമായിരുന്നു അത്.
ഇവിടെ, ഇപ്പോൾ
വരൾച്ചയുടെ യുഗത്തിൽ നിന്നുമുള്ള
മടക്കത്തിൽ,
 പാതയിൽ നാം ചങ്ങാതികളാവുന്നു.

ഞങ്ങൾ തിരിച്ചറിയുന്നു.
അക്രമികളുടെ മുഖത്തു തിളങ്ങുന്ന
കൊലക്കത്തിയുടെ മൂർച്ചയായ്
രാപ്പാടിയുടെ ശബ്ദം
മാറുന്നതെങ്ങിനെയെന്ന്.
ഞങ്ങൾ തിരിച്ചറിയുന്നു:
ശ്മശാനത്തിലെ നിശ്ശബ്ദത
ഒരുത്സവമാകുന്നതെങ്ങിനെയെന്ന്;
ജീവിതത്തിന്റെ
ഓർക്കിഡുകളാവുന്നതെങ്ങിനെയെന്ന്.

നീ പാടി , നിന്റെ കവിതകൾ.
ഞാൻ കണ്ടു .
ചുവരുകളോട് ബാൽക്കണികൾ
വിടചൊല്ലുന്നത്.
നഗരചത്വരം
പർവ്വതത്തിന്റെ മദ്ധ്യവാരിയിലേയ്ക്കു
നീങ്ങുന്നത്‌.
ഞങ്ങൾ കേട്ടത് സംഗീതമല്ല.
കണ്ടത് വാക്കുകളുടെ നിറങ്ങളുമല്ല.
ദശലക്ഷം വീരന്മാരായിരുന്നു മുറിയിൽ
 ഭൂമി രക്തസാക്ഷികളുടെ
തോലിയണിയുന്നു.
നക്ഷത്രങ്ങളും ഗോതമ്പുമാണതിന്റെ
വാഗ്ദാനം.
അതിനെ ആരാധിക്കൂ !
ഞങ്ങളാണതിന്റെ ഉപ്പും ജലവും.
ഞങ്ങളാണതിന്റെ മുറിവ് -
പൊരുതുന്ന മുറിവ്
പെങ്ങളേ,
എന്റെ തൊണ്ട നിറയെ കണ്ണീർ .
കണ്ണുകളിലെരിയുന്ന തീയും.
ഞാൻ സ്വതന്ത്രൻ.
സുൽത്താന്റെ വാതിൽക്കൽ
ഇനിയൊരിക്കലും
പ്രതിഷേധിക്കില്ല ഞാൻ.
പകലിന്റെ വാതിൽക്കൽ
മരിച്ചവരും മരിക്കാനിരിക്കുന്നവരും
എന്നെ പുണർന്നു.
അവരെന്നെ ഒരായുധമാക്കി.

 ! സംവദിക്കുന്ന എന്റെ മുറിവേ !
എന്റെ രാഷ്ട്രം ഒരു പെട്ടിയല്ല.
ഞാനൊരു യാത്രികനുമല്ല.
കാമുകനാണു ഞാൻ.
 ഭൂമിയെന്റെ പ്രിയതമ.

കല്ലുകളെ പരിശോധിക്കുന്ന
പുരാതതത്ത്വജ്ഞൻ തിരക്കിലാണ്.
ഐതിഹ്യങ്ങളുടെ കൂമ്പാരത്തിൽ
അയാൾ സ്വന്തം കണ്ണുകൾ തിരയുന്നു.
സംസ്കാരത്തിന്റെ അക്ഷരമാലയിൽ
ഒരക്ഷരം പോലുമില്ലാതെ
തെരുവിൽ നിൽക്കുന്നൊരു
കുരുടൻ ദേശാടകനാണെന്നു കാണിക്കാൻ.
എന്റെ കാലത്തിൽ
ഞാനെന്റെ വൃക്ഷങ്ങൾ നടുന്നു.
ഞാനെന്റെ പ്രണയത്തെക്കുറിച്ച് പാടുന്നു.
മരിച്ചവരിലേയ്ക്ക്
വാക്കുകൾ പകരേണ്ട സമയമായി.
 ഭൂമിയോടും രാപ്പടിയോടും
എന്റെ സ്നേഹം തെളിയിക്കാൻ സമയമായി.
കാരണം,
ഇക്കാലത്ത് ആയുധങ്ങൾ ഗിത്താറിനെ
വിഴുങ്ങുന്നു.
കണ്ണാടിയിൽ ഞാൻ കൂടുതൽക്കൂടുതൽ
മങ്ങുന്നു.

എന്റെ ആസനത്തിൽ
ഒരു മരം
വളരാൻ തുടങ്ങിയിരിക്കുന്നു.

No comments:

Post a Comment