Saturday, September 26, 2009

എന്‍ ഗുയെന്‍ ഷി തിയേന്‍


1. ഒരു കാട്ടുരാത്രി

ഒരു കാട്ടുരാത്രി
പെയ്തു പെയ്ത്
കൂര ചോരുന്നു.
തണുത്തു വിറച്ചു ഞങ്ങള്‍.
ചെയ്തു തീര്‍ക്കെന്ടവ,
മുട്ടില്‍ തൂങ്ങി
തുറിച്ചു നോക്കുന്നു.
എണ്ണ വിളക്കില്‍
തീയിന്‍
വിളര്‍ നീല ബിന്ദു.
മൂത്രപ്പാട്ട.
തീട്ടപ്പാട്ട.
കുത്തി തറക്കുന്ന
മൂട്ടകളുള്ള കിടക്ക.
അറുപത്തൊന്നില്‍
ഒരു തടവുകാരന്റെ
പുതുവര്‍ഷരാവ്.

2.ആനന്ദങ്ങള്‍ ഇല്ലാത്ത ഈ ഭൂമി

ആനന്ദങ്ങള്‍ ഇല്ലാത്ത ഈ ഭൂമി
പകളോടെ അവര്‍
വിയര്‍പ്പു തുടച്ചു കളയുന്നു.
രാവോടെ കണ്ണീരും.
തടങ്കല്‍ പാലയങ്ങളിലേക്ക്
കൂടാരങ്ങളിലെക്കും
അവരെല്ലാം ഒഴുകുന്നു.
ഒരു ചെറു ചാല് തിരികെ വരുന്നു.
കുട്ടികള്‍ വാഴയില പോലെ
വിളര്‍ത്തവരും
രോഗികളുമായി
കാണപ്പെടുന്നു.
ഉഴവുന്ന പെണ്ണുങ്ങള്‍
സര്‍വാധിപരാകുന്ന
ചെറു ഗ്രാമങ്ങളില്‍
യുവ പുരുഷരുടെ
മിന്നായം പോലുമില്ല.
മരണം ചെറു പഴുതുകള്‍ കണ്ട്,
പുരപ്പുറത്തുപവസിക്കുന്നു.
ഇവിടെ എല്ലാം ദുഃഖമയം-
ഉച്ചഭാഷിണികള്‍ മാത്രം
സന്തോഷമുദ്‌ഘോഷിക്കും.

3. ഈ കാലഘട്ടത്തിലെ മാതൃകാ കുട്ടികള്‍
ജയിലില്‍ വരുമ്പോള്‍
ഈ കാലഘട്ടത്തിലെ
മാതൃകാ കുട്ടികള്‍
ഓമനകളായി കാണപ്പെട്ടു.
കാല്ച്ചട്ടകള്‍ ഇല്ലാതെ
അലസഗമനം ചെയ്തു.
തടവ്‌ കുപ്പായം
പാടത്തോളം അവരെ മൂടി.
കാലം പറക്കവേ,
പത്തണ്ടുകാരായി അവര്‍.
കാറ്റില്‍ മൂക്കുകള്‍ ഉള്ളവര്‍.
നിത്യ ശല്യങ്ങള്‍.
വാ തുറക്കുമ്പോള്‍,
പൊട്ടിയൊലിക്കുന്നു ശാപങ്ങള്‍.
ഒരാളെയും വിടുന്നില്ലത്.
ഒരു ഉരുളക്കിഴങ്ങിനോ
മരച്ചീനി വേരിനോ
അവര്‍ക്ക് കൊല്ലാനുമാകുന്നു.

4. ദുഖത്തോടെ യാത്ര, ആനന്ദത്തോട് വിട

ദുഖത്തോടെ യാത്ര,
ആനന്ദത്തോട് വിട.
വിയര്‍പ്പും പൊടിയും ഉണ്ട്
നിങ്ങള്‍ക്ക് യാത്രാ സാമഗ്രികളായി.
ചില്ലറ കൈക്കാശ്:
കവിതകളും മധുര സ്വപ്നങ്ങളും
ഇരുണ്ടു നാറുന്ന ഒരു കാര്‍..
ഗന്ധമാസ്വദിക്കുക.
തീവണ്ടിക്കു മേല്‍ ചുവന്നൊരു മിന്നല്‍.
എവിടെയെങ്കിലും
കൊടുങ്കാറ്റ്
വന്യമാകുന്നുണ്ടോ?

Friday, September 25, 2009

സോഫിയ ഡി മെല്ലോ ബ്രെയ്നെര്‍



1. പുല്ലാങ്കുഴല്‍

മുറിയുടെ മൂലയില്‍,
നിഴല്‍ അതിന്റെ ചെറിയ പുല്ലാങ്കുഴല്‍
വായിക്കുന്നു.

അപ്പോള്‍, ഓര്‍മയില്‍ എത്തുന്നു:
കല്ത്തൊട്ടികള്‍,
ചൊറിയുന്ന കടല്‍ പായലുകള്‍,
നഗ്നമായ കടല്‍ത്തീരത്തിന്റെ
നശ്വരമായ തിളക്കം.

രാവിന്റെ മോതിരം
ദൃഡമായി
എന്റെ വിരലുകളില്‍
വീണിരിക്കുന്നു.

നിശ്ശബ കപ്പല്‍ വ്യൂഹം
അതിന്റെ അനാദിയായ
യാത്ര
തുടരുന്നു.

2. കടലിന്റെ ദിനം

ആകാശത്തില്‍
കടലിന്റെ ദിനം.
നിഴലുകളില്‍ നിന്നും
കുതിരകളില്‍ നിന്നും
തൂവല്‍ക്കൂട്ടങ്ങളില്‍ നിന്നും
തീര്‍ത്തത്.

മൃഗത്തിനും പൂവിനും ഇടയില്‍,
കടല്‍പ്രാണികളെപ്പോലെ,
എന്റെ സ്വപ്നാടനത്തിന്റെ
ചലനങ്ങള്‍ തെന്നുന്ന
മുറിയില്‍- എന്റെ ചതുരക്കട്ടയില്‍,
കടലിന്റെ ദിവസം.

കടലില്‍
കടലിന്റെ ദിനം.
അതൊരുപരി ദിനം.
അതിലെന്റെ ആംഗ്യങ്ങള്‍
കടല്‍കൊറ്റികള്‍.
കടല്പ്പതക്ക് മുകളില്‍,
മേഘങ്ങള്‍ക്കപ്പുറം
വളയങ്ങള്‍ ആയി
അവ നഷ്ടപ്പെടുന്നു.

3. ഞാന്‍ മൃതരെ അനുഭവിക്കുന്നു

വയലറ്റ്‌ പൂക്കളുടെ തണുവില്‍
ഞാന്‍ മൃതരെ അനുഭവിക്കുന്നു.
ചന്ദ്രനില്‍ ഞാന്‍ അറിയുന്നത്
ഗഹനമായ നിരര്‍ഥകത.

എല്ലാ മരണങ്ങളെയും
ഭൂമി പുതപ്പിച്ചെടുക്കുന്നു.
ഒരു പ്രേതമായ്‌ തീരാനാണ്
അവളുടെ വിധി.

എനിക്കറിയാം,
നിശ്ശബ്ദതയുടെ വക്കില്‍ ഇരുന്നാണ്
ഞാന്‍ പാടുന്നത്;
തിരസ്കാരത്തിനു ചുറ്റുമാണ്
എന്റെ നൃത്തം;
നിശ്ശൂന്യതക്ക് ചുറ്റുമാണ്
എന്റെ സ്വത്തുക്കള്‍ എല്ലാം.

ഞാന്‍ അറിയുന്നു;
നിശ്ശബ്ദ മരണത്തെയാണ്‌
ഞാന്‍ കടന്നു പോരുന്നത്.
എനിക്കറിയാം
ഞാനുള്ളില്‍ കരുതിയിരിക്കുന്നത്
എന്റെത്തന്നെ മരണത്തെയെന്ന്.

പല ജന്മങ്ങളില്‍
എനിക്കെന്റെ
ജീവിതം നഷ്ടമായിരിക്കുന്നു.
മരിച്ചിരിക്കുന്നു ഞാന്‍
പലതവണ.
പലകുറി ഞാന്‍ എന്റെ പ്രേതങ്ങളെ
ചുംബിച്ചിരിക്കുന്നു.
എന്തു ഞാന്‍ ചെയ്യുന്നു?-
അജ്ഞാതമായിരുന്നു
പലപ്പോഴും എനിക്കത്.

അതുകൊണ്ട് തന്നെ,
മരണമെനിക്ക്
വെറുമൊരു ഇറക്കമായിരിക്കും.
വീട്ടില്‍ നിന്നും
തെരുവിലെക്കുള്ള
ഇറക്കം പോലൊന്ന്.


4. കടല്‍ത്തീരം


കാറ്റില്‍ പൈന്‍ മരങ്ങളുടെ
ഞരക്കം.
സൂര്യ പ്രഹരങ്ങളില്‍
ഭൂമിയില്‍ കല്ല്‌ കത്തുന്നു.

ഉപ്പിലാണ്ട,
മത്സ്യങ്ങളെപ്പോല്‍ വിദഗ്ധരായ
കടല്‍ ദൈവങ്ങള്‍,
അതിപ്രഗല്‍ഭര്‍,
ഭൂമിയുടെ അറ്റത്തു
ചുരുണ്ടടിയുന്നു.

കല്ലുകള്‍ ഉയരും പോലെ,
പ്രകാശത്തിലേക്ക് കുതിച്ചു പൊന്തുന്നു,
കാട്ടുകിളികള്‍.
ലംബമായ്‌ അവ കുതിച്ചുപൊന്തുന്നു;
ചാവുന്നു.
ശൂന്യതയില്‍ അടിയുന്നു,
അവയുടെ ദേഹം.

പ്രകാശത്തെ തച്ചുടക്കാന്‍ എന്നപോലെ,
പൊന്തുന്നു തിരകള്‍.
അവയുടെ ചുളിവുകള്‍
പ്രകാശാലംകൃതമാകുന്നു.

ഒരു പായ്മരമായി,
പുരാതനമായ ഒരു ഗൃഹാതുരത്വം
പൈന്‍ മരങ്ങളില്‍
തൂങ്ങിയാടുന്നു.