Tuesday, September 29, 2015

മെഹമൂദ് ദർവീശിന്റെ കവിതകൾ 7 ശിർഹാൻ കാപ്പി കഴിക്കുന്നു

അവർ വരുന്നു
കടലാണ്
ഞങ്ങളുടെ വാതിൽ,
മഴ അദ്ഭുതപ്പെടുത്തി
ഞങ്ങളെ,
ദൈവമല്ല, പക്ഷേ ദൈവം
മഴ അദ്ഭുതപ്പെടുത്തി
ഞങ്ങളെ, വെടിത്തിരകളും.
ഇവിടെ ഭൂമി,
പരവതാനി,
അവർ
വന്നുകൊണ്ടേയിരിക്കുന്നു .
നിങ്ങൾക്കറിയില്ല
 ദിനം
നിറം ചോല്ലാനുമാവില്ല.
രുചി, ശബ്ദ, രൂപങ്ങ -
ളറിയില്ല നിങ്ങൾക്ക്.
ശിർഹാൻ  പിറന്നു .
ശിർഹാൻ വളർന്നു .
മദിരമോന്തി,
അലറിയവൻ.
ഘാതകന്റെ ചിത്രമെഴുതി
പിന്നെയതു കീറിയെറിഞ്ഞു .
പൂർണ്ണകായം കണ്ടമാത്രയിൽ
അവൻ കൊല്ലുന്നയാളെ
ശിർഹാൻ
എഴുതുന്നു തന്നുടുപ്പിൻ
കയ്യുറമേൽ .
ഓർമ്മകൾ പക്ഷികൊക്കുകളാവുന്നു,
ഗലീലിയായിലെ
ഗോതമ്പു തിന്നുന്നു.

എന്തായിരുന്നു സ്നേഹം?
മുദ്രകളുള്ള കൈകൾ,
ചങ്ങലകൾ
തടവറകൾ
നാടുകടത്തപ്പെട്ടവർ
നിന്റെ നാമത്തെ
ചുറ്റി ഞങ്ങൾ 
ഞങ്ങളൊരു ജനത.
ഇപ്പോൾ വെറും കല്ല്‌.
നീ ഒരു രാഷ്ട്രം.
ഇപ്പോൾ വെറും പുക.

പുതിയ നാടുകടത്തലിൽ
പഴയ ചങ്ങലകൾ
വിടർന്ന പനീർപ്പൂക്കളുടെ
കയ്യരഞ്ഞാണം.
പഴയ ചങ്ങലകൾ
കന്യാചർമ്മവും 
വികാരവും.
നിന്റെ പാൽ
കുടിച്ചെന്നു ശിർഹാൻ.
അതു നുണ .
നിന്റെ കരയിലെത്താത്ത
കപ്പലിൽ
കുശിനിയിലാണു
ശിർഹാൻ വളർന്നത്
നിന്റെ പേർ 
മറന്നു, ഞാൻ !
അച്ഛനാര് ?
മറന്നു
അമ്മ ?
മറന്നു !
കഴിഞ്ഞ രാവുറങ്ങിയോ നീ
നിത്യതയ്ക്കായിരുന്നു
എന്നുറക്കം
സ്വപ്നം കണ്ടുവോ ?
ഉവ്വ്.

അവൻ പെട്ടന്നലറി:
ക്രിസ്തുവിൻ തിരുമുറിവുകളിൽ നിന്നും
മോഷ്ടിച്ച എണ്ണ
എന്തിന്നു മോന്തി നീ?
ഞങ്ങൾ കണ്ടു
അവന്റെ യാചിക്കുന്ന വിരലുകൾ
അവൻ ആകാശത്തെ ചങ്ങലാകളാക്കുന്നത്.
ജനങ്ങളെ മാറ്റിമറിക്കുന്ന ഭൂമി.
വെള്ളാരം കല്ലുകൾ പോൽ
പരക്കുന്ന താരകൾ
അവൻ പാടി :
ഞങ്ങളുടെ തലമുറ
കടന്നുപോയ്, മരിച്ചു.
ഞങ്ങളിൽ പടർന്നു
കൊലപാതകികൾ .
ഇരകൾ വളർന്നു ഞങ്ങളിൽ .
രക്തം ജലംപോലെ
ശത്രുക്കളെ വേട്ട അമ്മമാർ.
ഞങ്ങൾ വിളിച്ചു "ഗോതമ്പ് "
പ്രതിധ്വനി "യുദ്ധം "
വിളി "ജാഫാ*”
അന്നുമുതൽ
ഞങ്ങൾ
ചങ്ങലകളാലാകാശത്തെ
അളക്കാൻ തുടങ്ങി,

കപ്പലിൻ കുശിനിയിലിരുന്ന്
ശിർഹാൻ ചിരിച്ചു.
സഞ്ചാരിയോരുവനോടൊത്ത്
അപ്രത്യക്ഷനായി
അകലെയാണ്,
നസ്രേത്തിലെക്കു
ചൂണ്ടുന്ന ഭൂഭാഗങ്ങൾ
അകലെയാണ്
നസ്രേത്തിനൊഴികെ
സർവ്വഭൂഭാഗങ്ങളും
ഗാനങ്ങളവനോടു
സംവദിച്ചു
ഒഴിവുദിനങ്ങളവനെ
എകാകിയാക്കി.
കാപ്പിയുടെ ഗന്ധം
ഭൂമിശാസ്ത്രമാകുന്നു
അവർ നിന്നെ നാടുകടത്തി.
അവർ നിന്നെ കൊന്നു.

ഗ്രന്ഥങ്ങൾക്ക്  പിന്നി -
ലൊളിച്ചു, നിന്റെ പിതാവ്
അവരെത്തുന്നത്
വീക്ഷിച്ചിരുന്നു അയാൾ 
കാപ്പിയുടെ ഗന്ധം,

മൃദുലമായ കൈപ്പത്തി ,
നിങ്ങളെക്കൊണ്ടു പോം നാദം,
മഴയി,ലിടവഴിയിൽ
ചിതറുന്ന ജലനിനാദം
ശിർഹാൻ,
ഒന്നിലേറെ ഭാഷക
ളറിയുവോൻ.

ഒന്നിലേറെ സ്ത്രീകളെയറിയുവോൻ.
സാഗരം താണ്ടുവോൻ
അവനുണ്ടൊരു വാതായനം
വേറൊന്നിലൂടാകത്തേയ്ക്കു
കയറുമവൻ
മുറിവിനെത്തിരയുമൊരു
തുള്ളി നിണമാണവൻ

കാപ്പിയുടെ ഗന്ധം
ഭൂമിശാസ്ത്രം .
അവൻ കാപ്പി കുടിക്കുന്നു .
സ്വപ്നം കാണുന്നു 
നീ ജനിച്ചതിവിടെ
വസിക്കുന്നതവിടെ .
ഉറങ്ങുന്നതേയില്ല
നിന്റെ നഗരം
ഇല്ല ശാശ്വതമാമൊരു നാമം
നഗരത്തിന്
എന്നും താമസക്കാർ
മാറുന്ന വീടുകൾ .
ഓർമ്മകൾ കൊണ്ടു വരുമെന്നതിനാൽ
സ്ഥലം മാറിമറിയുന്ന
ജനലുകൾ
ശിർഹാൻ വരയ്ക്കുന്നൊരു രൂപം
അഴിക്കുന്നത്.
അവൻ വായിക്കുകയില്ല
ദിനപത്രങ്ങൾ .
പിന്നെങ്ങനെ
ദുഃഖങ്ങളണയുമവനിൽ ?


എന്താണു ജറുസലേം -
പ്രസംഗങ്ങൾക്കൊരു വേദി ?    
അധികാരപശിക്കൊരു ചവിട്ടടി ?
എന്താണു ജറുസലേം -
സിഗരറ്റ് മദ്യവും ?
എന്നാകിലും
അതാണെന്റെ രാജ്യം -
അതിലെ വയലുകൾ
എന്റെ കൈപ്പത്തിയും
തമ്മിലില്ലൊരു ഭേദം
ഓർമ്മയിൽ കനക്കുന്ന രാവും
കാർമലി**ന്മേലെയിരുളും
തമ്മിലില്ല ഭേദം
അവൻ പകുക്കുന്നു
മേഘങ്ങളെ
കാറ്റിലേക്കെറിയുന്നു
ഞാൻ തിന്നു
കുടിച്ചു
ഉറങ്ങി
സ്വപ്നം കണ്ടു
ഒരു സ്വരം പഠിച്ചു
അവനെഴുതി.
അവയെന്മുന്നിലപ്രത്യക്ഷമായ്
അവയിലുണ്ടായിരുന്നു
മുഴക്കം,-
സാഗരങ്ങളുടെ
നിശ്ശബ്ദതയുടെ
ഞങ്ങളുടെ തനിമയായിരുന്നു
അവന്റെ കൈപ്പടകൾ.
സന്ധ്യക്ഷരങ്ങളാൽ
അശുദ്ധമാക്കി, നാമവയെ.

യുദ്ധം ചെയ്യേണമോ?
എന്തു കാര്യം,
അറബു വിപ്ലവം-
ഗീതങ്ങളിൽ സ്മാരകങ്ങ -
ളായിരിക്കുന്നുവല്ലോ;
കൊടികളും, ബാങ്കുകളു-
മായിരിക്കുന്നുവല്ലോ,
നിന്റെ മുറിവുകളുടെ പേരി -
ലാണവരുടെ പേച്ചുകൾ.
ക്രിസ്തു ദല്ലാളാകുന്നു -
തന്റെ തുണിക്കച്ചവടത്തെ -
ക്കുറിച്ചു പാടുവോൻ

നിനക്കില്ലൊരാകാശം
ഇക്കൂടാരമൊഴികെ
അതു കത്തുമ്പോൾ, നീയും
ഞങ്ങളെത്തുന്നു നിന്നിലേയ്ക്ക്
തടവുകാരോ ശവമോ ആയി.
ശിർഹാൻ ,
സമാധാനത്തിന്റെയും 
യുദ്ധത്തിന്റെയും
തടവുകാരൻ
സ്വന്തം തലവരകൾ വായിക്കുവോൻ !
ചൂഷകന്റെ കാലുകൾക്കു
പിറകിൽ
മതിലിന്മേൽ;
നിന്റെ യുദ്ധം രണ്ടുതരമാകുന്നു
നിന്റെ യുദ്ധം രണ്ടുതരമാകുന്നു

ശിർഹാൻ !
നീ കൊല ചെയ്തുവോ?
ശിർഹാൻ നിശ്ശബ്ദൻ
അവൻ കാപ്പി കുടിക്കുന്നു
സ്വപ്നം കാണുന്നു
അതിരുകളില്ലാത്ത
ഭൂപടം വരയ്ക്കുന്നു
ഭൂമി ചങ്ങലകളാൽ അളക്കുന്നു
തന്റെ ഘാതകന്റെ
പൂർണ്ണകായം കാണുന്ന മാത്രയിൽ
കൊല്ലുന്നവൻ

*ഇസ്രായേലിലെ തുറമുഖപട്ടണം
**വടക്കൻ പാലസ്തീനിലെ പർവ്വതം