Saturday, September 26, 2015

മെഹമൂദ് ദർവീശിന്റെ കവിതകൾ 5 ജറുസലേമിൽ

ജറുസലേമിൽ
പുരാതന മതിൽക്കെട്ടിനകത്ത്
നയിക്കാൻ ഒരോർമ്മ പോലുമില്ലാത്തവനായി
ഞാൻ നടന്നു-
ഒരറ്റം മുതൽ മറ്റൊരറ്റം വരെ.

അവിടെ പ്രവാചകർ
വിശുദ്ധരുടെ ചരിത്രം പങ്കുവെയ്ക്കുന്നു :
സ്വർഗ്ഗാരോഹണം,
അധീരരും എകാകികളുമായി
അവരോഹണം.
പ്രണയവും സമാധാനവും
വിശുദ്ധമാണ്.
അവ നഗരത്തിലേയ്ക്കു വരുന്നു.
ചരിവിലൂടെ നടക്കുകയായിരുന്നു ഞാൻ-
എന്നോടുതന്നെ സംവദിച്ചു:
കല്ലിനെക്കുറിച്ച്
വെളിച്ചം പറഞ്ഞ കാര്യങ്ങളിൽ
ആഖ്യാതാക്കൾ തർക്കിച്ചതെങ്ങനെ?
മങ്ങിക്കത്തുന്ന കല്ലുകളിൽ നിന്നാണോ
യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുക?    

ഉറക്കത്തിൽ ഞാൻ നടക്കുന്നു:
തുറിച്ചുനോക്കുന്നു.
എനിക്കു പിന്നിലല്ല ആരും.
ആരും മുന്നിലുമില്ല.
 വെളിച്ചമെല്ലാം എനിക്കുള്ളത്.

ഞാൻ നടക്കുന്നു.
ഭാരഹീനനാവുന്നു..
ഞാൻ പറക്കുന്നു.
അപ്പോൾ ഞാൻ മറ്റൊന്ന്-
രൂപമാറ്റം വന്ന മറ്റൊന്ന്.

യേശയ്യയുടെ ദൂതന്റെ വായിൽനിന്നും
പുല്ലു പ്രവഹിച്ച പോലെ,
വാക്കുകൾ ഉറപൊട്ടി :
"നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ,
നിങ്ങൾ വിശ്വസിക്കുകയില്ല".

മറ്റൊരുവനെപ്പോലെ
ഞാൻ നടന്നു.
എന്റെ മുറിവോ,
ഒരു വെളുത്ത ബൈബിൾ പനിനീർ.
കുരിശിൽ,
എന്റെ കൈകൾ
ചിറകടിക്കുന്ന, ഭൂമിയെ വഹിക്കുന്ന
രണ്ടു പ്രാവുകൾ 
 നടക്കുകയല്ല ഞാൻ.
പറക്കുകയാണ് -രൂപാന്തരപ്പെട്ട് .
മറ്റൊരുവനാവുന്നു ഞാൻ.
സ്ഥലമില്ല. കാലവും.
ആരാണു ഞാൻ?

ഉയർച്ചയിൽ
ഞാൻ ഞാനല്ലാതാവുന്നു.
ഞാൻ ചിന്തിക്കുന്നു:
നബിത്തിരുമേനി
പൌരാണിക  അറബിഭാഷ
ഒറ്റയ്ക്കു സംസാരിച്ചു.
"എന്നാൽ പിന്നെയെന്ത് ?"

പിന്നെ എന്ത് ?
പട്ടാളക്കാരി ഒച്ചയെടുത്തു !
വീണ്ടും നീയോ ?
നിന്നെയല്ലേ ഞാൻ കൊന്നത് ?
ഞാൻ പറഞ്ഞു:
നീ എന്നെ കൊന്നു .
നിന്നെപ്പോലെ ഞാൻ മറന്നു -
മരിക്കാൻ.

No comments:

Post a Comment