Saturday, September 26, 2015

മെഹമൂദ് ദർവീശിന്റെ കവിതകൾ 2 ഞാനവിടെയാണ്

അവിടെ നിന്നാണ് ഞാൻ വരുന്നത്
എല്ലാവരും ജനിച്ച പോലെ
ഞാനും ജനിച്ചു
അമ്മയുണ്ട്
നിറയെ ജന്നലുകളുള്ള വീടും
എനിക്കുണ്ട്.
എനിക്കുണ്ട്
സഹോദരങ്ങൾ, ചങ്ങാതികൾ
ഒരു തടവറയും.
എന്റെ കടൽത്തിരയെ
കൊത്തിപ്പറന്നു,
ഒരു കടൽക്കാക്ക.
എനിക്കുണ്ട്,
സ്വന്തദർശനം,
വേണ്ടതിലധികം ഒരു പുൽനാമ്പ്,
വാക്കുകളുടെ ശൃംഖങ്ങൾക്കുമേൽ
പാഞ്ഞു പോകുന്നൊരു
ചന്ദ്രൻ.
എനിക്കുണ്ട്,
അന്നമായ് ദൈവമയച്ച
കിളികളും
സമയത്തിന്റെ മിടിപ്പുകൾക്കപ്പുറം
നിൽക്കുന്ന ഒരൊലിവും.

ശരീരങ്ങൾ
വാളുകൾക്ക് സദ്യയാവും മുമ്പ്
ഞാനാ മണ്ണ്
താണ്ടിക്കടന്നു.
ഞാൻ വരുന്നത്
അവിടെ നിന്ന്
ആകാശങ്ങൾക്കായി
അവയുടെ അമ്മയായ
ആകാശം കരഞ്ഞപ്പോൾ ,
ഞാനവയെ വിട്ടു.
മടങ്ങുന്ന മേഘത്തോട്
എന്നെ തിരിച്ചറിയാൻ
വിലപിച്ചു.

നിയമങ്ങളറുക്കാൻ
രക്തം പുരണ്ട
കൊട്ടാര വാക്കുകൾ പഠിച്ചു
വാക്കുകളെല്ലാം പഠിച്ചു
പഠിച്ചവയെല്ലാം  മറന്നു ,
ഒരൊറ്റ വാക്ക് പണിയാൻ:
കുടുംബം.

No comments:

Post a Comment