Saturday, September 26, 2015

മെഹമൂദ് ദർവീശിന്റെ കവിതകൾ 4 റീത്തയും റൈഫിളും

റീത്തയുടെയും എന്റെയും
കണ്ണുകൾക്കിടയിൽ
ഒരു റൈഫിളുണ്ട് .

റീത്തയെ അറിയാവുന്നവരെല്ലാം
അവളുടെ
തേൻനിറമാർന്ന കണ്ണുകളിലെ
ദൈവികതയ്ക്ക് മുന്നിൽ
മുട്ടുകുത്തും പ്രാർത്ഥിക്കും.

ഞാനവളെ ചുംബിച്ചു.
അന്നവൾ ചെറുപ്പം.

ഞാനോർക്കുന്നു:

അവളെന്നെ സമീപിച്ചതെങ്ങിനെയെന്ന് ;
ഏറ്റവും മനോഹരമായ മുടിക്കെട്ടിനെ
എന്റെ കൈകൾ മൂടിയതെങ്ങിനെയെന്ന്!
ഞാനോർക്കും റീത്തയെ-
ഒരു കുരുവി അതിന്റെ
പഥങ്ങളോർക്കുമ്പോലെ.

റീത്താ,
നമുക്കിടയിൽ
വെടിയേറ്റുവീണ
ദശലക്ഷക്കണക്കിനു കുരുവികൾ,
പ്രതിരൂപങ്ങൾ,
ലക്ഷ്യസ്ഥാനങ്ങളും

എന്റെ വായിൽ
സദ്യപോലെ നിറയുന്നതായിരുന്നു
റീത്തയുടെ പേര്.
എന്റെ രക്തത്തിൽ
കൂടിക്കലർന്നതായിരുന്നു
അവളുടെ ഉടൽ.

രണ്ടാണ്ടിൽ ഞാനവളിൽ നഷ്ടപ്പെട്ടു.
രണ്ടുവർഷം അവളുറങ്ങിയത്
എന്റെ കൈകളിൽ
ഏറ്റവും മനോഹരമായ കോപ്പകൾക്കു
മുകളിലൂടെ ,
ഞങ്ങൾ പകുത്തു, വാഗ്ദാനങ്ങൾ.
ചുണ്ടുകളുടെ വീഞ്ഞിൽ  
ഞങ്ങൾ എരിഞ്ഞമർന്നു
ഞങ്ങൾ പുനർജ്ജനിച്ചു.

റീത്താ !
ഒന്നോ രണ്ടോ മയക്കങ്ങൾ
തേൻ നിറമാർന്ന മേഘങ്ങൾ -
ഇവയല്ലാതെ,
 റൈഫിളിനു മുമ്പ്
പരസ്പരം കോർത്ത
നമ്മുടെ മിഴികളെ
മറ്റെന്തു പിന്തിരിപ്പിച്ചിട്ടുണ്ട്?

അന്തിയുടെ അപാര നിശ്ശബ്ദതേ ,
ഒരു കാലത്ത്
പ്രഭാതത്തിൽ എന്റെ ചന്ദ്രൻ
ദൂരദിക്കിലെയ്ക്ക് കുടിയേറി -
തേൻ നിറമുള്ള  കണ്കളിലേയ്ക്ക്.
നഗരമപ്പോൾ
ഗായകരെ തൂത്തെറിഞ്ഞു.
റീത്തയെയും.

റീത്തയുടെയും എന്റെയും
കണ്ണുകൾക്കിടയിൽ
ഒരു റൈഫിൾ .

No comments:

Post a Comment