Friday, September 25, 2015

മെഹമൂദ് ദർവീശിന്റെ കവിതകൾ 1 കടലിലെ അതിഥികൾ

ഞങ്ങളുടേത്
ഹ്രസ്വസന്ദർശനം.
ഒരു മണിക്കൂർ മുമ്പ്
ചിതറിപ്പോയ
ഭൂതകാലത്തിൽ നിന്നുള്ള
കുറിപ്പുകൾ, ഞങ്ങളുടെ
സംഭാഷണം.

ഏത്  മെഡിറ്റെറേനിയനിൽ
തുടങ്ങും  സൃഷ്ടിയിനിയും?
തെക്കൻ വിലാപങ്ങളാൽ
ഞങ്ങളൊരു  ദ്വീപ് തീർത്തു.
വിട,
ഞങ്ങളുടെ  ചെറു ദ്വീപമേ.

വേറൊരു  രാജ്യത്തിൽ നി -
ന്നിവിടെയെത്തിയോരല്ല
ഞങ്ങൾ.
മാതളത്തിൽ നിന്നു
വന്നവരാണ് ഞങ്ങൾ
സ്മൃതികളുടെ പുറന്തോടു
താണ്ടി എത്തിയോർ.
ചോദിക്കരുതേ  ഞങ്ങളോട്
എത്ര  നാളുണ്ടാകുമിവിടെയെന്ന്,
എന്തിന്നു  സന്ദർശനമെന്ന്.

മന്ദഗമനം നടത്തുമീ -
ക്കപ്പലുകളെ
ഞങ്ങളുടെ  ആത്മാവിന്റെ
ശരീരത്തിന്റെയും അവശിഷ്ടങ്ങളിൽ നിന്നും
ഒഴിചിടട്ടെ.

കടലിലെ  അതിഥികൾ:
ഞങ്ങളുടേത്,
ഹ്രസ്വസന്ദർശനം .
ചെറുതാണു  ഭൂമി,
ഞങ്ങളുടെ  സന്ദർശനത്തേക്കാൾ.

ഇനിയുമെറിയാം
ജലത്തിലേയ്ക്കൊരാപ്പിൾ
വൃത്തങ്ങൾക്കകത്ത്
വൃത്തങ്ങൾ.
ഇവിടം വിട്ടാൽ
നമുക്കെവിടെയാണിടം?
മടങ്ങിയാൽ
തിരിച്ചെവിടെപ്പോകും
എന്റെ  ദൈവമേ
പ്രതിരോധത്തിന്  എന്തവശേഷിക്കുന്നു
ഞങ്ങളുടെ  ആത്മാവിൽ ?
ഏതു മണ്കോട്ട?
നിന്റെ  ദയയ്ക്ക്
പുതിയ ബലിയർപ്പിക്കാൻ,
പാറ  ഇനിയേതെങ്കിലും
അവശേഷിക്കുന്നുവോ ?
ഒരിക്കൽക്കൂടി
പുറത്തേയ്ക്കു പോരാൻ
ഞങ്ങളിലവശേഷിപ്പതെന്ത്?

കടലേ
ഞങ്ങൾക്കിണങ്ങാത്ത
ഗീതം തരൊല്ലേ  ഞങ്ങൾക്ക്.
കടലിനുണ്ടതിൻ
പ്രാചീന ചാതുര്യം :
ഉയർച്ച  താഴ്ച്ചകൾ.

സ്ത്രീകളുടെ  ആദ്യയത്നം:
വശീകരണം
ശോകങ്ങളിൽ നിന്നു വീഴും
കവികൾ.
സ്വപ്നങ്ങളിൽ  പൊട്ടിത്തെറിക്കും
രക്തസാക്ഷികൾ.
സന്തുഷ്ട സ്വപ്നങ്ങളിലേയ്ക്കു
ജനതയെ നയിക്കുക
ബുദ്ധിയുള്ളോർ.
കടലേ
ഞങ്ങൾക്കിണങ്ങാത്ത
ഗീതം,  തരല്ലേ ഞങ്ങൾക്ക്.

അകലങ്ങളിലെ  ചെടികൾ
ഉയരങ്ങളിലേയ്ക്കു  വളർന്ന
ദേശഭാഷകളിൽ  നിന്നും
ഇദ്ദിക്കിലെത്തിയൊരല്ല  ഞങ്ങൾ
വളർന്നേറെ വലുതായി
ഞങ്ങളിൽ
മണൽത്തരിയുടെ  നിഴൽ
പടർന്നു  പുറത്തേയ്ക്ക്.

ഞങ്ങളുടെ ഹ്രസ്വസന്ദർശനം
ദീർഘമായി .
എത്ര ചന്ദ്രന്മാർ
തങ്ങളുടെ വളയങ്ങൾ
ഞങ്ങളല്ലാത്തോർക്കു നൽകി ?
എത്ര കല്ലുകൾക്കുണ്ട്
ദൂരെയായ്
ഗർത്തങ്ങൾ?
എത്ര വർഷമുറങ്ങു-
മിക്കടലി-
ലതിഥികളായ്‌?
എത്ര കാല -
മിടത്തിനായ് കാക്കും ?
"കുറച്ചിടയ്ക്കുള്ളി -
ലിവിടം വിടും ഞങ്ങ"ളെന്നു പറയും ?
ഉറക്കത്തിലല്ലോ
മരിച്ചതു, ഞങ്ങൾ.
ഞങ്ങൾ തകർന്നതിവിടെ.

കടലേ
ഞങ്ങൾക്കിണങ്ങാത്ത
ഗീതം തരല്ലേ ഞങ്ങൾക്ക്.
ഒന്നിനും വേണ്ടിയല്ലെന്ന
ബോധത്തെ മാറ്റി,
പുറത്തേയ്ക്കു
പടരാമിനിയുമോന്നായ്
ചിലകാലം,
ഞങ്ങൾക്കു വേണമൊരു
ജീവിതം.

പൂർവികരുടേതായ്
ഒന്നുമവശേഷിപ്പീല
ഞങ്ങളിൽ .
ഞങ്ങൾക്കുവേണം
ഞങ്ങളുടെ
പ്രഭാതക്കാപ്പിയുടെ നാട്.
പ്രാചീന സസ്യ സുഗന്ധങ്ങൾ .
സ്വന്ത വിദ്യാലയം.
സെമിത്തേരി.
സ്വാതന്ത്ര്യം.
തലയോടിന്റെ വലുപ്പം.
പിന്നൊരു ഗാനവും.

കടലേ 
ഞങ്ങൾക്കിണങ്ങാത്ത
ഗീതം തരല്ലേ ഞങ്ങൾക്ക്.
ഞങ്ങൾ വന്നത്
സന്ദർശകരായല്ല.
കാർത്തേജിൽ 
ആമത്തോടും നക്ഷത്രവുമെന്നപോൽ
കടൽ ഞങ്ങളെ
അമ്മാനമാടി.
സ്വന്തം മണ്ണിലേയ്ക്ക്  
വാതായനങ്ങളില്ലാത്തവരിൽ
വാക്കുകൾ ജ്വലിക്കുന്നതെങ്ങനെ ?

ആരോർക്കുന്നു-
ഒരു വാക്കിനാൽ
ലോകം കീഴടക്കിയ
പ്രാചീന ബെദുവികളെ?
നിഗൂഢതകളുടെ പൊരുളഴിക്കാൻ
അവർ നടത്തിയ
കൂട്ടക്കുരുതികളെ?
അവർ മറന്നു നമ്മെ.
നാം മറന്നു അവരെ.
ജീവിതം, സ്വന്തജന്മം
ജീവിക്കുന്നു.
ആരാണിപ്പോൾ
ആദിയന്തങ്ങളെ ഓർക്കുക?
ചിലതിലേയ്ക്കു
തിരികെപ്പോവാൻ
ഞങ്ങൾ  ജീവിതമാഗ്രഹിക്കുന്നു.
തുടക്കം, ദ്വീപ്‌, കപ്പൽ , ഒടുക്കം,
വിധവയുടെ പ്രാർത്ഥന,
തടവറ,  കൂടാരം
എന്തിലേയ്ക്കെങ്കിലും 
എന്തിലേയ്ക്കെങ്കിലും !

ഞങ്ങളുടെ ഹ്രസ്വസന്ദർശനം
ദീർഘിച്ചിരിക്കുന്നു.
കടൽ ഞങ്ങളിൽ
രണ്ടാണ്ടു മുമ്പേ
മരിച്ചു.
കടൽ ഞങ്ങളിൽ
ചത്തുകെട്ടു 
കടലേ 
ഞങ്ങൾക്കിണങ്ങാത്ത
ഗീതം തരല്ലേ ഞങ്ങൾക്ക്.
(സാഹിത്യലോകം, 2001 ജൂലൈ- ആഗസ്റ്റ്‌)

No comments:

Post a Comment