Friday, July 27, 2012

ആദ്യകാല ചൈനീസ് കവിതകളില്‍ ചിലതിന്റെ വിവര്‍ത്തനങ്ങള്‍ .
എ. ഡി. നാലാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിന്‍റെ അന്ത്യത്തിനും ഇടയില്‍ രചിക്കപ്പെട്ടവ.
താങ് വംശത്തിന്റെ ഭരണകാലത്തിനു മുന്‍പ് രചിക്കപ്പെട്ടവയാണ് ഇവ.




കവി 1:
ഹുയി യുങ്


സൂത്രപരിഭാഷ

അര്‍ത്ഥങ്ങളുടെ വലകളില്‍ നിന്നും
ഇഴകളെപ്പിരിച്ചു നാം മുന്നേറുന്നു.
സൂത്രങ്ങളിലെ പദങ്ങള്‍
ദിനം തോറുമേറുന്നു.
മുന്നേറി നാം,
ധര്‍മ്മത്തിന്റെ
അത്ഭുതങ്ങളെയാണ്
പിന്തുടര്‍ന്നത്‌:
ഇവിടെ വെറും പണ്ഡിതര്‍ ഇല്ല.

നിലാവിരിപ്പ്

വന്മലകള്‍ ഇടിയുന്നു
വനദേവാലയത്തില്‍ മാത്രം
ചില വിളക്കുകള്‍
ചന്ദ്രന്റെ
തിളക്കത്തിന് നേരെ
ഇരിക്കുക;
ഋതുഭേദമില്ലാതെ
ഹിമഹൃദയമായ്.


 കവി 2:
മിആഒ യിന്‍


വായുവും ജലവും

നിശ്ചല തടാകത്തില്‍
സ്ഫടികസമാനമായ അരുവിയില്‍
ഹേമന്ത ചന്ദ്രനെ
ഒരു തുടരന്‍കാറ്റ്
ഉരച്ചുമിനുക്കുന്നു.
ഇപ്പോള്‍
എല്ലായിടവും വിശുദ്ധം.
എല്ലാം അതുപോലെ തന്നെ
എന്നിട്ടുമീ കര്‍മ്മം
ചുരുളുകയും ഒട്ടിപ്പിടിക്കുകയും
ചെയ്യുന്നതെന്ത്



കവി 3:
ഹുയി ക് ഒ
(എ ഡി 4- 5 നൂറ്റാണ്ടിനിടയില്‍ )

കവിത 1:
ഞാനില്ല;
ധര്‍മ്മമെല്ലാം
ശൂന്യം.

ജനി, മരണം-
തമ്മില്‍
ചെറു വ്യത്യാസം മാത്രം.
ദുരൂഹതയുടെ
ഹൃദന്തപരിണാമം:
അറിയല്‍ , കാണല്‍ .

സത്യം നിലവിളിക്കുന്നു:
എവിടെയാണ്
അസ്ത്രം, ലക്ഷ്യത്തെ ഭേദിക്കുക?

കവിത 2: പരമം

സ്വത്വനാശം വന്ന
ധര്‍മ്മങ്ങളെല്ലാം
ശൂന്യം.
ജനിമരണങ്ങള്‍
ഏതാണ്ടൊരുപോലെ.
പരിണമിച്ച ഹൃദയം
ഒരു നൊടിയില്‍
എല്ലാമറിയുന്നു.
എല്ലാറ്റിനും
ഇടയിലാണ് സത്യം.

No comments:

Post a Comment